സുൽത്താൻ ബത്തേരി: കാലവർഷം ദുർബലമായതോടെ ജില്ലയിലെ നെൽക്കർഷകർ കടുത്ത പ്രതിസന്ധിയിൽ. കൃഷിയിറക്കിയ നാൾ മുതൽ തുടർച്ചയായ വെല്ലുവിളികളാണ് കർഷകർ നേരിടുന്നത്. മുൻവർഷത്തെപ്പോലെ കാലവർഷം ശക്തിപ്രാപിക്കുമെന്ന പ്രതീക്ഷയിൽ മാസങ്ങൾക്കുമുന്പ് വിത്തുപാകി ഞാറാക്കിയെങ്കിലും പിന്നീട് ആവശ്യത്തിന് മഴ ലഭിക്കാത്തത് കൃഷിയെ പ്രതികൂലമായി ബാധിച്ചു.
ഞാറ് പറിച്ച് പാടത്തിറക്കേണ്ട സമയത്ത് ആവശ്യത്തിന് വെള്ളമില്ലാത്തതിനാൽ പല കർഷകർക്കും പാകമായ ഞാറ് ഉപേക്ഷിക്കേണ്ടിവന്നു. തുടർന്ന് പുതിയ നെൽവിത്ത് വിതച്ച് വീണ്ടും കൃഷിയിറക്കുകയായിരുന്നു. ഇതിനിടയിലും മഴ ലഭിക്കാത്തത് കർഷകരുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി. ഞാറ് പറിച്ചുനട്ട പാടങ്ങളിൽ കളപറിക്കാനും വളപ്രയോഗം നടത്താനും ആവശ്യമായ വെള്ളം ലഭിക്കാത്തതും കർഷകരെ ദുരിതത്തിലാക്കുന്നു. ജില്ലയിലെ പല പാടശേഖരങ്ങളും വെള്ളമില്ലാതെ വിണ്ടുകീറിത്തുടങ്ങി. വരുംദിവസങ്ങളിലും മഴ ലഭിച്ചില്ലെങ്കിൽ ഈ വർഷത്തെ നെൽകൃഷി തന്നെ ഉപേക്ഷിക്കേണ്ടിവരുമെന്ന ആശങ്കയിലാണ് കർഷകർ.
ജില്ലയിൽ ഏറ്റവും കുറവ് മഴ ലഭിച്ച പ്രദേശങ്ങളിലൊന്നായ നൂൽപ്പുഴ പഞ്ചായത്തിൽ സ്ഥിതി കൂടുതൽ രൂക്ഷമാണ്. പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളിലായി ആയിരക്കണക്കിന് ഏക്കർ നെൽകൃഷിയാണ് ജലസേചന സൗകര്യമില്ലാതെ പ്രതിസന്ധിയിലായത്. നന്പിക്കൊല്ലി, മാതമംഗലം, കണ്ണങ്കോട് തുടങ്ങിയ പാടശേഖരങ്ങളിൽ ജലസേചനത്തിനായി പ്രധാനമായും ആശ്രയിച്ചിരുന്ന കല്ലൂർ പുഴയിലും ജലനിരപ്പ് കുറഞ്ഞതോടെ കർഷകർ ആശങ്കയിലാണ്.
പുഴയിൽനിന്ന് ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിനാൽ കൃഷിയിടങ്ങളിലേക്ക് ജലമെത്തിക്കുന്നതും പ്രയാസകരമായി. പല പാടശേഖരങ്ങളിലും സ്വന്തമായി മോട്ടോർ ഉപയോഗിച്ചാണ് കർഷകർ ഇപ്പോൾ ജലസേചനം നടത്തുന്നത്. ഇതോടെ നെൽകൃഷിയുടെ ചെലവ് ഇരട്ടിയായി. ഇന്ധനച്ചെലവും വൈദ്യുതി ചെലവും കൂടാതെ മോട്ടോർ ഉപയോഗിച്ച് വെള്ളം പന്പുചെയ്യുന്നതിനുള്ള അധിക ചെലവും കർഷകർക്ക് താങ്ങാനാകാത്ത സ്ഥിതിയാണ്. ഇനിയും മഴ ലഭിക്കാതെ മോട്ടോർ ഉപയോഗിച്ച് ജലസേചനം നടത്തി കൃഷി മുന്നോട്ടുകൊണ്ടുപോയാൽ വൻ സാന്പത്തിക നഷ്ടമുണ്ടാകുമെന്നാണ് കർഷകർ പറയുന്നത്. ഒട്ടേറെ കർഷകർ നെൽകൃഷി ഉപേക്ഷിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുമുണ്ട്. ഇപ്പോൾ കളപറിക്കലും വളയോഗവും നടത്തേണ്ട നിർണായക ഘട്ടത്തിലാണ് നെൽകൃഷി.
ആവശ്യത്തിന് വെള്ളം ലഭിക്കാതെ ഇവ ചെയ്യാൻ കഴിയാത്തപക്ഷം പാടങ്ങളിൽ കളകയറി നെച്ചെടികൾ നശിക്കുന്ന സ്ഥിതിയുണ്ടാകും. മഴയുടെ കുറവിനൊപ്പം ജലസേചന സംവിധാനങ്ങളുടെ അപര്യാപ്തതയും കർഷകരുടെ പ്രതിസന്ധി രൂക്ഷമാക്കുകയാണ്.
കൃഷിയുടെ നിർണായക ഘട്ടത്തിൽ വെള്ളം ലഭ്യമാക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുന്നതിനൊപ്പം ആവശ്യമായ ജലസേചന സംവിധാനങ്ങൾ സജ്ജമാക്കാനും സർക്കാർ ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം. കൃഷിവകുപ്പും തദ്ദേശ സ്ഥാപനങ്ങളും ബന്ധപ്പെട്ട വകുപ്പുകളും ചേർന്ന് അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ വയനാട്ടിലെ പരന്പരാഗത നെൽകൃഷിക്ക് കനത്ത തിരിച്ചടിയാകും. കാലവർഷത്തിന്റെ കുറവ് തുടർന്നാൽ നിലവിലെ കൃഷിയെ മാത്രമല്ല അടുത്ത കൃഷിയിറക്കലിനെയും ഇത് ബാധിക്കുമെന്ന ആശങ്കയും കർഷകർക്കുണ്ട്. വെള്ളമില്ലാതെ പാടങ്ങൾ വരണ്ടുണങ്ങുന്ന സാഹചര്യം തുടർന്നാൽ കർഷകർ കൃഷിയിൽനിന്ന് പിൻമാറാൻ നിർബന്ധിതരാകുമെന്നും അവർ പറയുന്നു.